Popular Posts

Search This Blog

Monday, October 31, 2016

ശ്രീമദ്‌ ഭഗവദ് ഗീത

*എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ?*
*എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?*

ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്.

വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്‍ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല.

ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ഠിതമായതുകൊണ്ട്, *അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം, സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും* എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ്ഗീത  സൃഷ്ടിച്ചിരിക്കുന്നത്.

നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മസാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ്ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ്ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യരൂപത്തില്‍ അര്‍ജ്ജുനന്‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ്ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ....

മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതുംനാശത്തിലേക്ക് നയിക്കുന്നതുമായചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍ല്‍‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ *"മഹാഭാരത യുദ്ധ"* ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ.... എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ... കോടാനുകോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമദ് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃതഗംഗയാണ്....

No comments: