Popular Posts

Search This Blog

Monday, November 6, 2017

Student Politics and Self financing Professional Colleges

വിദ്യാർത്ഥി രാഷ്ടീയവും സ്വാശ്രയ കോളേജുകളും

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്താകമാനവും കേരളത്തിൽ പ്രത്യേകിച്ചും നിരവിധി സ്വശ്രയ കോളേജുകൾ വിശേഷിച്ച് പ്രഫഷണൽ മേഖലയിൽ കൂണുപോലെ മുളച്ചു പൊന്തിയിരിക്കുന്നു. തങ്ങൾക്ക് പഠിക്കാൻ ആഗ്രഹമുള്ള വിവിധങ്ങളായ മേഖലകളിൽ സർക്കാർ സംവിധാനത്തിലുള്ള പരിമിതമായ സീറ്റുകൾക്ക് പരിഹാരമായാണ് വിദ്യാർത്ഥികളും  രക്ഷകർത്താക്കളും ഉയർന്നതും താങ്ങാവുന്നതിന് അപ്പുറവുമുള്ള ഫീസായിട്ടുകൂടി സ്വകാര്യ സ്വാശ്രയ മേഖലയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് ഇത്തരം സ്വശ്രയ കോളേജ് മനേജ്മെന്റുകൾ മുന്നോട്ട് വയ്ക്കുന്ന ഉടബടികളും നിദ്ദേശങ്ങളും കണ്ണടച്ച് അംഗീകരിക്കാൻ ഇവർ നിർബന്ധിതരാകുന്നതും. 

ഇങ്ങനെയുള്ള ഭൂരിപക്ഷം കലാലയങ്ങളിലും ഉപാധികളുടെയും നിയന്ത്രണങ്ങളുടെയും ചട്ടക്കൂടുകൾക്കുളളിൽ ആയതിനാൽ തന്നെ വിദ്യാർത്ഥി സംഘടന പ്രവർത്തനം അന്യമോ നാമം മാത്രമോ ആണ് എന്നത് ഇത്തരം കലാലയങ്ങളുടെ ദുരവസ്ഥയും ഒരു യാഥാർത്ഥ്യവുമാണ്.

 സമ്പൂർണമായും ഒരു പ്രതികരണ ശേഷി നഷ്ടപ്പെട്ടതോ അടിച്ചമർത്തപ്പെട്ടതോ ആയ വിദ്യാർത്ഥി സമൂഹത്തെ ആണ് ഇത്തരം കലാലയങ്ങൾ ദിനംപ്രതി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഇത്തരം കലാലയങ്ങളെ സാമ്പത്തികവും മാനസികവും ശാരീരികവുമായ ചൂഷണങ്ങളുടെ ഇടങ്ങളാക്കി മാറ്റുന്നതും. വിദ്യാർത്ഥി സംഘടനകളുടെ അഭാവം ഇത്തരത്തിലെ ചില കലാലയങ്ങളെങ്കിലും മയക്കുമരുന്ന് ലോബികളുടെയും മറ്റ് സാമൂഹ്യ വിരുദ്ധ മാഫിയകളുടെയും SIeeping cellsകളുടെ  സജീവ പ്രവർത്തന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു എന്ന വസ്തുത പലപ്പോഴും പൊതു സമൂഹം തിരിച്ചറിയാതെ പോകുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തെ രക്ഷകർത്താക്കൾ ഉൾപ്പെടുന്ന പൊതുസമൂഹം പലപ്പോഴും ആശങ്കയോടെ കാണുന്നു എന്നത് ഇത്തരം മാനേജ്മെൻറ്കൾക്ക് വിദ്യാർത്ഥി സംഘടനകളെ അകറ്റി നിർത്തുന്നതിന് കൂടുതൽ പ്രേരണ നൽകുന്നു. ഇത്തരം ആശങ്ക പൊതു സമൂഹത്തിന്റെ ഇടയിൽ സൃഷ്ടിച്ചതിൽ ഇടതു വിദ്യാർത്ഥി സംഘടനകളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കേരളത്തിൽ ഇവർ ഏകപക്ഷീയമായി മറ്റ് എല്ലാ സംഘടനകളുടെയും മേൽ നടത്തി വരുന്ന അക്രമങ്ങളും അതിക്രമങ്ങളും  അവ  പ്രതിരോധിക്കാൻ മറ്റുള്ളവരെ നിർബന്ധിതരാകുന്നു. ഇതുമൂലം കലാലയങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും അതിനെ തുടർന്ന് പൊതുസമൂഹത്തിന്റെ ഇടയിൽ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും ഒട്ടും തന്നെ ചെറുതല്ല.

ഇത്തരത്തിൽ രൂപപ്പെട്ട ആശങ്കകളുടെ അനന്തര ഫലമാണ് ഇത്തരം കലാലയങ്ങളിലെ വിദ്യാർത്ഥി സമൂഹം ഇന്ന് അനുഭവിക്കേണ്ടി വരുന്ന അനവധിയായ ദുരിതങ്ങൾ. ഇതിനുള്ള ഏക പരിഹാരം കലാലയങ്ങളിൽ മനപൂർവ്വമായ അസ്വസ്ഥത സൃഷ്ടിക്കുന്നവർക്ക് വീണ്ടുവിചാരമുണ്ടാവുകയും അത്തരം പ്രവർത്തനങ്ങളെ തിരുത്തുന്നതിന് ബോധപൂർവ്വമായ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്. അതിലൂടെ പൊതു സമൂഹത്തിന്റെ ഇടയിൽ വിദ്യാർത്ഥി രാഷ്ടീയത്തെ പറ്റി ഉടലെടുത്തിരിക്കുന്ന ആശങ്കക്ക് അറുതി വരുത്താനും ഇത്തരം സംഘടന പ്രവർത്തനങ്ങളുടെ കാലിക പ്രസക്തി ബോധ്യപ്പെടുന്നതിനും സാധിക്കും. 

അത്തരത്തിലുള്ള അവബോധം ഉണ്ടാവുകയും സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവരുടെ സംയോജിതമായ പരിശ്രമത്തിലൂടെയും സമ്മർദ്ദത്തിലൂടെയും  ഇത്തരം കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ടീയത്തിന്റെ ബൗദ്ധീകമായ താളം ഉയരുകയും ചെയ്യ്തില്ലെങ്കിൽ അരാഷ്ട്രീയ വാദികളും പ്രതികരണശേഷി നഷ്ടപ്പെട്ടവരും ശൂന്യമായ സാമൂഹ്യ അവബോധം ഉള്ളവരുടെയും ഒരു യുവ സമൂഹമായിരിയും ഭാവിൽ ഇവിടങ്ങളിൽ നിന്ന് പുറത്ത് വരാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു  സംശയവും വേണ്ട. അത്തരക്കാർ കുടുംബത്തിലും ഈ സമൂഹത്തിലും സൃഷ്ടിക്കാൻ ഇടയുള്ള അരാജകത്വവും അചിന്തനീയമായിരിക്കും.

സി.കെ.രാഖേഷ്

സംസ്ഥാന അദ്ധ്യക്ഷൻ

ABVP Kerala
2017 September

No comments: